01:04am 05 June 2026
NEWS
കനകപുരയിലെ 'കരിമ്പാറ' പുസ്തകമാകുമ്പോൾ.
04/06/2026  12:23 PM IST
വിഷ്ണുമംഗലം കുമാർ
കനകപുരയിലെ കരിമ്പാറ പുസ്തകമാകുമ്പോൾ

 ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അതിൽ പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതക്കാരനാണ് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജീവൻ പോയാലും അതിൽനിന്ന് മാറില്ല. അതുകൊണ്ടാണ് അടുത്തറിയുന്നവർ അദ്ദേഹത്തെ കനകപുരയിലെ കരിമ്പാറ എന്ന് വിശേഷിപ്പിക്കുന്നത്. ധീരതയോടെ പൊരുതിയാണ് ഡി കെ ഓരോ സ്ഥാനവും നേടിയെടുക്കുന്നത്. ഓരോ പദ്ധതികളും വിജയിപ്പിച്ചെടുക്കുന്നത്. ഈ പോരാട്ടവീര്യം ഡി കെയിൽ ചെറുപ്പം മുതലേയുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയായതിന്റെ പിന്നിലും നിരന്തരവും തീക്ഷ്ണവുമായ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ഓരോ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ഡി കെ നേടിയെടുത്തത് പോരാട്ടത്തിലൂടെയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ് അദ്ദേഹം. സംഘടനാമികവും സമ്പന്നതയുമാണ് ഡി കെയുടെ കരുത്ത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെയും തമ്മിൽ അധികാര തർക്കമുണ്ടായിരുന്നോ? എന്തൊക്കെയാണ് അതിന്റെ അന്തർധാരകൾ?. അക്കാര്യങ്ങൾ വിവരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായുടെ ശ്രദ്ധേയമായ പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. ഡി കെ ശിവകുമാർ, കോൺഗ്രസ്‌'സ്‌ ക്രൈസിസ് മാനേജർ, കർണാടകാസ് കിംഗ് മേക്കർ എന്നാണ് പുസ്തകത്തിന്റെ ശീർഷകം. കഴിഞ്ഞ രണ്ടുവർഷമായി അതിന്റെ പണിപ്പുരയിലായിരുന്നു റഷീദ്. ഡി കെ കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ നല്ല പുസ്തകത്തിൽ സ്ഥാനം പിടിച്ചതെങ്ങനെ?  1990 ൽ അദ്ദേഹത്തിന് കർണാടക മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിന്റെ കാരണം എന്തായിരുന്നു? കോളേജ് തെരഞ്ഞെടുപ്പ് കാലത്ത് വിജയശ്രീ ലാളിതനായ ഡി കെയെ അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന യെസ്ഡി ബൈക്ക് സമേതം എതിർകക്ഷിക്കാർ തട്ടിക്കൊണ്ടുപോയ സംഭവം- അതേക്കുറിച്ചെല്ലാം റഷീദിന്റെ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അടുത്ത മാസം രണ്ടാംവാരത്തിലാണ് ഇതിനകം പ്രീ പബ്ലിക്കേഷൻ ഹിറ്റായ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img